ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് വേണ്ടി 114 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമം അവസാന ഘട്ടത്തിലെന്ന റിപ്പോര്‍ട്ടുകള്‍. മള്‍ട്ടിറോര്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് കമ്പനികളെ മറികടന്ന് ഇന്ത്യ ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഗവണ്മെന്റ് ടു ഗവണ്മെന്റ് കരാറിലൂടെയാകും റഫാല്‍ വിമാനങ്ങള്‍ വാങ്ങുക. നേരത്തെ വ്യോമസേനയ്ക്ക് വേണ്ടി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ വിന്യസിക്കാനായി 26 റഫാല്‍ എം വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിനും മന്ത്രിസഭ സമിതി അംഗീകാരം നല്‍കിയിരുന്നു.
ഇതിന് പുറമെയാണ് എം.ആര്.എഫ്.എ പദ്ധതിയില്‍ 114 റഫാല്‍ വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ആലോചന നടക്കുന്നത്.വ്യോമസേനയുടെ സ്ക്വാഡ്രണ്‍ ശേഷി കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്. റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. എം.ആര്.എഫ്.എ ടെന്‍ഡറില്‍ ദസ്സോയുടെ റഫാലിന് പുറമെ സ്വീഡന്റെ സാബ് ഗ്രിപ്പന്, ജര്‍മനിയുടെ യൂറോഫൈറ്റര്‍, യു.എസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ്-21, റഷ്യന്‍ കമ്പനിയായ യു.എ.സിയുടെ എസ്.യു-35 തുടങ്ങിയവയാണ് പങ്കെടുത്തിരുന്നത്.