മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകീട്ട് 5 നായിരിക്കും നട തുറക്കുക. ഉച്ച മുതൽ തീർത്ഥാടകരെ പമ്പയിൽ നിന്ന് കടത്തി വിടും. പുതിയ മേൽശാന്തികൾ ഇന്ന് ചുമതലയേൽക്കും. തന്ത്രിമാരായ കണ്ഠരര് രാജീവര് കണ്ഠരര് ബ്രഹ്മദത്തന് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയിരിക്കും ചടങ്ങ് നടക്കുക.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശന സമയമായിരുന്നു എന്നാൽ ഇക്കുറി 18 മണിക്കൂർ ദർശന സൗകര്യം ഉണ്ടാകും. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വഴി ഒരു ദിവസം എഴുപതിനായിരം പേര്‍ക്കും തല്‍സമയ ബുക്കിങ്ങിലൂടെ പതിനായിരം പേര്‍ക്കും ദര്‍ശനം സാധ്യമാകും. തത്സമയ ബുക്കിങ്ങിനായി ആധാർ കാർഡ് , വോട്ടർ ഐഡി കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമാണ്.
നിലയ്ക്കലില്‍ കഴിഞ്ഞ മണ്ഡലകാലത്തേക്കാള്‍ 3000 വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പമ്പയില്‍ സ്ഥിരം നടപ്പന്തലുകളുടേയും താത്ക്കാലിക പന്തലുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
മണ്ഡലകാലം പ്രമാണിച്ച് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.