ഹാക്ക് ചെയ്യപ്പെട്ട എക്സ് അക്കൗണ്ട് വീണ്ടെടുത്ത് ഗായിക ശ്രേയ ഘോഷാല്‍. താന്‍ തിരിച്ചുവന്നുവെന്നും ഇനി പഴയതുപോലെ എക്സിലൂടെ എഴുതുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുമെന്നും ഗായിക പറഞ്ഞു. രണ്ട് മാസത്തെ പരിശ്രമത്തിനു ശേഷമാണ് ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് വീണ്ടെടുക്കാനായത്.
ആരാധകര്‍ കരുതിയിരിക്കണമെന്നും നാളെ നിങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടായേക്കാമെന്നും ശ്രേയ ഘോഷാല്‍ പറഞ്ഞു. എഐയുടെ സഹായത്തോടെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള ചിത്രങ്ങള്‍ ഹാക്കേഴ്സ് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഗായിക മുന്നറിയിപ്പ് നല്കി.
ഫെബ്രുവരി 13നാണ് ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. മാര്‍ച്ച് ആദ്യം അക്കൗണ്ട് ശരിയാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. രണ്ട് മാസത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രേയയുടെ ഒഫീഷ്യല്‍ എക്സ് അക്കൗണ്ട് ഹാക്കേഴ്സിന്റെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കാനായത്. തന്റെ മറ്റൊരു സമൂഹമാധ്യമ പ്ലാറ്റ്ഫോം ആയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് തനിക്ക് നേരിട്ട പ്രതിസന്ധിയെക്കുറിച്ച് ശ്രേയ ഘാഷാല് ആരാധകരെ അറിയിച്ചത്.