പതിനൊന്നു വര്‍ഷം മുന്‍പ് കേരളത്തില്‍ നടന്ന ഒരു സമരം,സോളാര്‍ പീഡനകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ സമരം.കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി എത്തിയ ആയിരങ്ങള്‍ ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് വളഞ്ഞു.അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരം നഗരം വലഞ്ഞുപോയ സമരം.അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതെ സമരത്തിനായി ആഹ്വനം നടത്തിയ നേതാക്കള്‍ സമരക്കാരെക്കണ്ട് ശരിക്കും ഞെട്ടി.സാധാരണ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നീളുന്നത് രണ്ടോ മൂന്നോ മണിക്കൂറായിരിക്കും.സമരത്തില്‍ അണിനിരക്കുന്നതിന് എത്തുന്നവര്‍ എത്രയെന്നൊക്കെ വ്യക്തതയുണ്ടാവും.

ആയിരങ്ങളെ അണിനിരത്തിയുള്ള തുടര്‍ സമരമായിരുന്നു.വി എസ് അച്ചുതാനന്ദന് എന്ന നേതാവിന്റെ അതിശക്തമായ ആരോപണ മഴയില്‍ ആവേശം പൂണ്ടായിരുന്നു സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും വണ്ടി പിടിച്ച് ഇടത് പ്രവര്‍ത്തകര്‍ അനന്തപുരിയിലേക്ക് എത്തിയത്.
സമരം എന്നു കേട്ടാല്‍ ആവേശത്തോടെ, വീണ്ടു വിചാരമില്ലാതെ ഇറങ്ങിത്തിരിച്ച സമര ഭടന്മാരും,സമരം പ്രഖ്യാപിച്ച സഖാക്കളും നേതാക്കളും സമരം ഒന്നാം ദിവസം പിന്നിട്ടപ്പോഴേക്കും ആശങ്കയിലായി. ഇത്രയും വലിയൊരു ജനക്കൂട്ടത്തെ നേതാക്കളും പ്രതീക്ഷിച്ചിരുന്നില്ല. നടാടെ നടന്ന സെക്രട്ടറിയേറ്റ് വളയര്‍ സമരത്തെ എങ്ങിനെ നേരിടാമെന്ന് അഭ്യന്ത്ര വകുപ്പിനും വ്യക്തതയുണ്ടായിരുന്നില്ല.അന്നത്തെ അഭ്യന്തരവന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏതു വിധേനയും സമരം അവസാനിപ്പിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.സമരം അക്രമാസക്തമായാല്‍ പൊലീസ് നടപടികള്‍ ചിലപ്പോള്‍ കരുതുംപോലെ അവസാനിക്കില്ല.

വെടിവെപ്പിലോക്കോ മറ്റോപോയാല് സര്‍ക്കാര്‍ പ്രതിസന്ധിയിലാവും.സമരം തീര്‍ക്കാന്‍ എന്താണ് വഴിയെന്ന് തിരുവഞ്ചൂര്‍ ഇടത് പാളയത്തില്‍ അക്കാലത്ത് ആശ്രിതനായി എത്തിയ പഴയ സതീര്ത്ഥ്യന് ചെറിയാന് ഫിലിപ്പോനാരാഞ്ഞു. സമരം തീര്‍ക്കാന്‍ അക്കാലത്തെ കൈരളിയിലെ കൂലിത്തൊഴിലാളിയായിരുന്ന ചെറിയാന് ഫിലിപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു.കൈരളിയുടെ ആത്മാവും പരമാത്മാവുമായ ജോണ്‍ ബ്രിട്ടാസ് അങ്ങിനെ ഇടനിലക്കാരനായി. കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.അങ്ങിനെ സി പി എം ഒരു ആവശ്യം അഭ്യന്തര വകുപ്പിന് മുന്നില്‍ വച്ചു.സമരം തീര്‍ക്കാം,ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം.മുഖ്യമന്ത്രിയുടെ ഓഫീസും അതിന്റെ പിരിധിയില്‍ വരണം.അതൊക്കെ തിരുവഞ്ചൂര്‍ അംഗീകരിച്ചു. ഇത്രയുമാണ് ഇന്ന് വെളിച്ചത്തുവന്ന സംഭവ കഥ.

എന്നാല്‍ തിരുവഞ്ചൂരും ജോണ്‍ ബ്രിട്ടാസും പറയാത്ത മറ്റൊരു ഒത്തുതീര്പ്പുകൂടി അവിടെ നടന്നു, അതാണ് ടി പി കൊലക്കേസിലെ ഗൂഡാലോചന കേസില്‍ അന്വേഷണം മുന്നോട്ടു പോകാതിരുന്നത്.സി ബി ഐക്ക് കേസ് വിടാതിരുന്നതും അതു കാരണമായി.സോളാര്‍ സമരത്തെ ടി പി കേസുമായി ബന്ധിപ്പിച്ച് പരസ്പരം ചായകുടിച്ച് പിരിഞ്ഞു.
സമകാലിക മലയാളത്തില്‍ മലയാള മനോരമയുടെ ബ്യൂറോ ചീഫായിരുന്ന ജോണ്‍ മുണ്ടക്കയം എഴുതുന്ന പരമ്പരയിലെ മൂ്ന്നാം ഭാഗത്തുണ്ടായ ഒരു വെളിപ്പെടുത്തലാണ് ഇന്ന് പെട്ടെന്ന് സോളാര്‍ കേസ് കത്തിപ്പിടിക്കാന്‍ കാരമമായത്.സോളാര്‍ കേസും, ടി പി കേസും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ കാറ്റും കോളും നിറച്ച കാലം. കലാപ കലുഷിതമായൊരു രാഷ്ട്രീയ അന്തരീക്ഷത്തിലും ഇരു പാര്‍ട്ടികള്‍ക്കിടയില്‍ കാര്യങ്ങള്‍ സംസാരിക്കാനും ഒത്തുതീര്‍പ്പുണ്ടാക്കാനും ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് ഇനിയെങ്കിലും ഇവിടുത്തെ സാധാരണക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അറിയണം.ബ്രിട്ടാസ് വിളിച്ചുവെന്നു തിരുവഞ്ചൂരും, അതല്ല തിരുവഞ്ചൂരാണ് തന്നെ ചെറിയാന് ഫിലിപ്പിന്റെ ഫോണില്‍ നിന്നും വിളിച്ചതെന്നുമൊക്കെയാണ് വെളിപ്പെടുത്തലുകള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തലുകള്‍.

സമരം അവസാനിപ്പിക്കേണ്ടത് ഇരു പാര്‍ട്ടികളുടേയും അനിവാര്യതയായിരുന്നു എന്നാണ് ചെറിയാന് ഫിലിപ്പ് പൂര്‍ത്തീകരിച്ചത് . സോളാര്‍ സമരം ഒത്തുതീര്‍ക്കാനായി ഞാനാണ് ജോണ്‍ബ്രിട്ടാസിനെയും കൂട്ടി തിരുവഞ്ചൂരിന്റെ വീട്ടിലേക്ക് പോയതെന്നാണ് ചെറിയാന് പറയുന്നത്. പഴയകാല ബന്ധം ഉപയോഗിച്ചുവെന്നാണ് വ്യക്തത. മാധ്യമ പ്രവര്‍ത്തകനായല്ല തിരുവഞ്ചൂരിനെ കണ്ടതെന്നും പാര്‍ട്ടിക്കാരനായാണ് എന്നാണ് ജോണ്‍ബ്രിട്ടാസ് പറയുന്നത്.

ജോണ്‍ബ്രിട്ടാസ് എന്ന വ്യക്തിയെ കേരളം അറിയുന്നത് മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ മാത്രമാണ്. മനോരമയുടെ ലേഖകനോട് താങ്കള്‍ ഒരു വലിയ വാര്‍ത്തയുടെ ഉറവിടം കണ്ടെത്തിയിട്ടും എന്തുകൊണ്ട് അത് വാര്ത്തയാക്കാതിരുന്നതെന്നാണ് ജോണ്‍ബ്രിട്ടാസ് ചോദിക്കുന്നത്. ജോണ്‍ മുണ്ടക്കയവും മറ്റൊരു ഇടനിലക്കാരനാണല്ലോ. അദ്ദേഹവും മാധ്യമ പ്രവര്‍ത്തകനായല്ല അപ്പോഴത്തെ വേഷം. ജോണ്‍ മുണ്ടക്കയത്തെ തിരുവഞ്ചൂര്‍ ഇടനിലക്കാരനാക്കി. ബ്രിട്ടാസിന്റെ സഹായം തേടി. അദ്ദേഹം ചെറിയാന് ഫിലിപ്പിന്റെ ഫോണില്‍നിന്നും തിരുവഞ്ചൂരിനെ വിളിച്ചു. എത്ര കൗശലക്കാരായ മാധ്യമ പ്രവവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും.
പറഞ്ഞതെല്ലാം കേരളീയര്‍ക്ക് മനസിലായി സാര്‍..,ഏത് നേതാവാണ് ബ്രിട്ടാസിനെ ഇടനിലക്കാരനാക്കിയതെന്നുകൂടി പറഞ്ഞാല്‍ കാര്യങ്ങളെല്ലാം വ്യക്തം. ഈ ഒത്തുതീര്‍പ്പില്‍ നഷ്ടം ആര്‍ക്കാണ് സംഭവിച്ചതെന്നു രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തോ… ആര് എം പിക്കുമാത്രമാണ്. ടി പി ചന്ദ്രശേഖരന് കേസ് അന്വേഷണം സി പി എം ഉന്നതരുടെ അറിവോടെയെന്ന് ഇപ്പോഴും ആര് എം പി ആരോപിക്കുന്നുണ്ടല്ലോ. ടി പി ചന്ദ്രശേഖരന്റെ വിധവ വടകരയില്‍ യു ഡി എഫ് പിന്തുണയോടെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ്.സോളാര്‍ കേസില്‍ തട്ടി ടി പി കേസില്‍ ഒത്തുതീര്‍പ്പുണ്ടായി എന്ന ആരോപണം ശരിയാണെന്ന് വെളിപ്പെട്ട ദിവസം കൂടിയാണിന്ന്.

സോളാര്‍ വിവാദങ്ങള്‍ ഇങ്ങനെ അണയാത്ത വിവാദ വിഷയമായി തുടരുകയാണ്.
ഇനിനിടയില്‍ വിവാദ ദല്ലാള്‍ നന്ദകുമാറും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. കെ എം മാണിയെ കേരളാ മുഖ്യമന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവെന്നായിരുന്നു അത്. ഇ പി ജയരാജനും താനും ചര്‍ച്ച നടത്തിയെന്നാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. എല്‍ ഡി എഫിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവുകയെന്നതായിരുന്നു കെ എം മാണിക്കുള്ള ഓഫര്‍. ഇത് പൊളിച്ചത് ജോസ് കെ മാണിയാണെന്നാണ് ദല്ലാള്‍ പറയുന്നത്.
വാല്‍കഷണം :ഒറ്റ ദിവസം ഇത്രയുമധികം വെളിപ്പെടുത്തലുകള്‍ വന്നതു കാരണം പ്രിയ പ്രേക്ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ഖേദിക്കുന്നു.