ന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന് വധക്കേസിലെ പ്രതികളായ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്‍ഐഎയുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, എന്‍.കെ. സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച കേസിലെ പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നുമായിരുന്നു എന്‍ഐഎയുടെ വാദം. അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു.
ഈ വിശദാംശങ്ങള്‍ പരിശോധിച്ച സുപ്രീംകോടതി, ഗൗരവമേറിയ കാര്യങ്ങള്‍ ഒന്നും അതില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചത്. കേസിലെ പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ രാകേന്ദ് ബസന്ത്, കെ. പരമേശ്വര്‍, ആദിത്യ സോണ്‍ധി എന്നിവരാണ് ഹാജരായത്.
ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ച മറ്റ് പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ എന്‍ഐഎയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.