നിലമ്പൂര്‍ : പൊലീസ് സ്റ്റേഷനില്‍ നിന്നും മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണം നേരായവഴിയിലല്ല പോവുന്നതെന്ന് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്ന് പി വി അൻവര്‍. 188 ല്‍ പരം സ്വര്‍ണക്കടത്ത് കേസാണ് കരിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ 25 പേരെയെങ്കിലും കണ്ട് തെളിവെടുത്താല്‍ സത്യാവസ്ഥ പുറത്തുവരും. ഏത് തട്ടാന്റെ അടുത്താണ് ഉരുക്കിയത്, എവിടെ വച്ചാണ് സ്വര്‍ണം പിടിച്ചത് തുടങ്ങിയ സംഭവങ്ങളെല്ലാം പുറത്തുവരും. എടവണ്ണയിലെ ഫിദാന്‍ കൊലക്കേസ്, മൂന്നു ദിവസം മുന്‍പ് പ്രധാന തെളിവായ ഫോണ്‍ ബേസ് ചെയ്തുകൊണ്ടുള്ള തെളിവുകള്‍ ലഭിച്ചുവെന്നും അൻവര്‍ പറഞ്ഞു.
പാര്‍ട്ടി എനിക്ക് തന്ന ഉറപ്പ് ലംഘിച്ചു. മുഖ്യമന്ത്രി എന്നെ കള്ളക്കടത്ത് കേസിന്റെ പ്രധാന കണ്ണിയായി വ്യാഖ്യാനിക്കാന്‍ ശ്രമം നടന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് ശ്രമിച്ചത്. കള്ളക്കടത്തുകാരെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഇത് എന്നെ വല്ലാതെ ആക്രമിക്കുന്നതിന് തുല്യമായിരുന്നു, അത്രയും വേണ്ടിയിരുന്നില്ല. – അൻവര്‍ പറഞ്ഞു
പാര്‍ട്ടി സെക്രട്ടറി തിരികെ വരുമ്പോള്‍ എന്തായിരിക്കും പറയുകയെന്നാണ് ഞാന്‍ കാത്തിരുന്നത്. പാര്‍ട്ടി സെക്രട്ടറിക്ക് നല്കിയ പരാതി അദ്ദേഹം വായിച്ചിട്ടുണ്ടാവുമല്ലോ. ലളിതമായ ഭാഷയിലാണ് ഞാന്‍ എഴുതിയത്. പി ശശിയെക്കുറിച്ച് പറഞ്ഞതില്‍ ഒരു വസ്തുതയുമില്ല. പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
ഈ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തുടങ്ങിയകാലം തൊട്ട് സാധാരണക്കാരുമായി സഹകരിച്ചാണ് ഇന്നുവരെ നിലനിന്നത്. പാര്‍ട്ടിക്കാരനാണ് എന്നു പറഞ്ഞാല്‍ രണ്ടടി കൂടുതല്‍ കിട്ടുന്ന അവസ്ഥ ഇന്ന് കേരളത്തിലുണ്ട്. ഇതിന് കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് കാരണം. ഇതാണ് ഞാന്‍ പറഞ്ഞത്.
മുഖ്യമന്ത്രി ഇതൊക്കെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നാണ് മനസിലാക്കേണ്ടത്. എനിക്ക് ഇതെല്ലാം തെളിയിക്കണ്ടേ. എനിക്ക് കോടതിയില്‍ മാത്രമാണ് പ്രതീക്ഷ. പാര്‍ട്ടിക്ക് നല്കിയ ഉറപ്പ് ലംഘിക്കാനുള്ള കാരണം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണം അടിച്ചുമാറ്റിയ കേസില്‍ സ്വര്‍ണം കൊണ്ടുവന്ന കാരിയര്‍മാരുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്.
ഒരു അന്വേഷണ ഏജന്‍സിയായി മാറുകയായിരുന്നു ഞാന്‍. സ്വര്‍ണക്കടത്ത് സംഘവുമായി എനിക്ക് ബന്ധമുണ്ടെന്ന് അജിത് കുമാര്‍ പറഞ്ഞുകൊടുത്തതാണ് പത്ര സമ്മേളനം നടത്തിപ്പറഞ്ഞത്. സി എം മലപ്പുറത്തെ പാര്‍ട്ടി സെക്രട്ടറിയെ വിളിച്ചുചോദിച്ചോ. അജിത് കുമാറിന്റെ തിരക്കഥയ്ക്ക് പ്രകാരം നീങ്ങുകയാണോ വേണ്ടത്. എന്നെ കുറ്റവാളിയാക്കിയത് ശരിയാണോ എന്ന് സി എം വ്യക്തമാക്കണം.
എന്നെ പിന്തുടരുകയാണിപ്പോള്‍ പൊലീസ്. ഇന്നലെ രാത്രിവരെ എന്റെ വീട്ടിന് സമീപം രണ്ട് പൊലീസുകാര്‍ ഉണ്ടായിരുന്നു. സത്യം പുറത്തുവിടാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുമോ എന്ന് ഞാന്‍ ഭയപ്പെടുകയാണ്. ഇതിനിടയില്‍ ഞാൻ അറസ്റ്റുചെയ്യപ്പെട്ടേക്കാമെന്നും പി. വി അൻവര്‍ പറഞ്ഞു.