തിരുവനന്തപുരം: സിപിഎമിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന എംഎല്‍എ അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്. മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അന്‍വറിന്റെ നിലപാടില്‍ പരിഭ്രാന്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിന് അദ്ദേഹത്തിന്റെ അജണ്ട വ്യക്തമാണ്. പി വി അന്‍വര്‍ ബോധപൂര്‍വ്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആരോപണം ഉന്നയിച്ചത്. അതില്‍ അത്ഭുതമില്ലെന്നും എ കെ ബാലന് പറഞ്ഞു.
അന്‍വറിന്റെ ആരോപണങ്ങളില്‍ കേരളത്തില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അന്‍വറിന്റെ ആരോപണങ്ങള്‍ ഗൗരവത്തോടെ കണ്ട് സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണ്. വിഷപ്പാമ്പ് പോലും പാല് കൊടുത്ത കൈക്ക് കടിക്കില്ല. ഇത് അതിനേക്കാളും അപ്പുറമാണെന്നും എ കെ ബാലന് പ്രതികരിച്ചു.
24-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്നതിലുള്ള ഗൂഢാലോചനയാണ്. ഇത് മുന്‍പേ തുടങ്ങിയതാണെന്നും എ കെ ബാലന് പ്രതികരിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് 150 കോടി രൂപ മത്സ്യവണ്ടിയില്‍ കടത്തി കര്‍ണ്ണാടകയില്‍ നിന്നും കൊണ്ടുവന്നിരുന്നുവെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. അതിലും പാര്‍ട്ടി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കണം.
ശശിക്കെതിരായ ആരോപണം ഉള്ളി പൊളിച്ചത് പോലെ ഉണ്ടാവും.വല്ലാത്ത രൂപത്തില്‍ ആക്രമിച്ചുകളയാം എന്ന് വിചാരിക്കരുത്. അത് പാര്‍ട്ടിയുടെ ശരീര ഘടനയെയും മനസ്സും അറിയാത്തതുകൊണ്ടാണ്. ഇതിനേക്കാള്‍ വലിയ ഭീഷണികളെയും നീക്കങ്ങളെയും ചെറുത്താണ് പാര്‍ട്ടി ഇവിടെ എത്തിയത്.
ബിജെപി അജണ്ട നടപ്പാക്കാന്‍ അന്‍വറിനെ തിരഞ്ഞെടുത്തു എന്ന നിലയിലേക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.അന്‍വറിന് പാര്‍ട്ടി തത്വങ്ങള്‍ അറിയില്ലെന്നും എ കെ ബാലന് കൂട്ടിച്ചേര്‍ത്തു.