കൊൽക്കത്ത: ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന പശ്ചിമ ബംഗാളിലെ ഡോക്ടർമാർ നാളെ വൈകിട്ട് അഞ്ചിനകം ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാറിന് അധികാരം നൽകുമെന്ന് സുപ്രീംകോടതി.
സെപ്റ്റംബർ 10 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കകം ഡ്യൂട്ടിക്ക് ഹാജരായാൽ അച്ചടക്ക നടപടിയുണ്ടാകില്ലെന്ന് ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് ഉറപ്പുനൽകി.
ഡോക്ടർമാരെ വിശ്വാസത്തിലെടുക്കാനും സുരക്ഷ സംബന്ധിച്ച് അവരുടെ ഭയം അകറ്റാനും സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ജില്ലാ കലക്ടർമാരും പൊലീസ് സൂപ്രണ്ടും സ്ഥിതിഗതികൾ പരിശോധിക്കുകയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കുകയും ചെയ്യണമെന്നും കോടതി പറഞ്ഞുഡോക്ടർമാരുടെ സമരം തുടരുന്നതിനാൽ പശ്ചിമ ബംഗാളിൽ ആരോഗ്യ സംരക്ഷണ സംവിധാനം പ്രതിസന്ധിയിലാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്.
സംസ്ഥാനത്തുടനീളം പ്രതിഷേധം വ്യാപകമാണെന്നും പ്രതിഷേധക്കാർ അക്രമാസക്തമായെന്നും സംസ്ഥാന അധികൃതരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെയാണ് പ്രതിഷേധം നടത്തുന്നതെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. പ്രതിഷേധം കാരണം 23 പേർ മരിക്കുകയും 6 ലക്ഷം പേർക്ക് ചികിത്സ ലഭിക്കാതെ വരികയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.