ഉത്തർപ്രദേശിലെ സംഭാലിൽ പള്ളിയുടെ സർവേ സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിൽ സംഭാൽ കോടതിയെ സുപ്രീം കോടതി വിലക്കി. സമാധാനവും ഐക്യവും ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശവും നൽകി.
മസ്ജിദ് അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സംഭാൽ ഷാഹി ജുമാമസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
സർവേ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിയോട് കോടതി ഇന്ന് നിർദേശിച്ചു. സുപ്രീം കോടതിയിൽ എത്തുന്നതിന് മുമ്പ് എന്തുകൊണ്ട് ഹൈക്കോടതിയിൽ പോയില്ലെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി ചോദിച്ചു.
കമ്മീഷണറുടെ റിപ്പോർട്ട് സീൽ ചെയ്യാനും കോടതി നിർദേശിച്ചു. സർവേയുടെ അടിസ്ഥാനത്തിൽ അഭിഭാഷക കമ്മീഷണറുടെ റിപ്പോർട്ടും രഹസ്യമായി സൂക്ഷിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.
നവംബർ 24 ന് നടന്ന സർവേയ്ക്കിടെ അക്രമം പൊട്ടിപ്പുറപ്പെടുകയും നാല് പേർ മരിക്കുകയും ചെയ്തതിന് ശേഷമാണ് സുപ്രീം കോടതി ഈ വിഷയം പരിഗണിച്ചത്. മുഗൾ ഭരണകാലത്ത് തകർത്തതായി പറയപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന അവകാശവാദത്തെ തുടർന്നാണ് സർവേ ആരംഭിച്ചത്