തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. നിരവധിയായ രാഷ്ട്രീയ വിവാദങ്ങള്‍ കത്തി നില്ക്കുന്ന സമയത്താണ് നിയമസഭ സമ്മേളനം ചേരുന്നത്. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം ഉള്‍പ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകും. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിനത്തില്‍ സമ്മേളനം പിരിയും. മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പുനരധിവാസ നടപടികളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.
നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ കൂട്ടത്തോടെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്പീക്കറുടെ നിലപാട് നിര്‍ണായകമാണ്. 9 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 18നാണ് അവസാനിക്കുക.