ചെന്നൈ:മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ ‘നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ രംഗത്ത്. ‘‘ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാർക്ക് മാത്രമേ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാൽ 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്.ഇത് പരിശോധിക്കണം.’’ – വിശാൽ വെളിപ്പെടുത്തി.
‘‘മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികൾ ഉടൻ തന്നെ നടികർ സംഘം ആലോചിക്കും. പുരുഷന്മാർക്ക് വേണ്ടി മാത്രമല്ല നടികർ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. പരാതിയുള്ള സ്ത്രീകൾ നടികർ സംഘത്തിനെ സമീപിച്ചാൽ നടികർ സംഘം ശക്തമായ നടപടിയെടുക്കും.’’ – വിശാൽ ഉറപ്പ് നൽകി.
‘‘അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം. സ്ത്രീകൾ ഇത്തരത്തിൽ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാൻ പറ്റുകുള്ളൂ. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം. തമിഴ് സിനിമയിലെ സ്ത്രീകള്‍ അവർ നേരിട്ട അനുഭവത്തെ കുറിച്ച് പറയാൻ ധൈര്യത്തോടെ മുന്നോട്ട് വരണം. കേസെടുക്കാൻ താൻ പോലീസല്ല’’ – വിശാൽ കൂട്ടിച്ചേർത്തു