കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടിന് നടത്തുന്നതില്‍ വീണ്ടും പ്രതിസന്ധി. എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് (1986), ശബ്ദ മലിനീകരണ നിയമം (2000) എന്നിവ പാലിച്ച് വെടിക്കെട്ട് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ നിയമങ്ങള്‍ പ്രകാരം വെടിക്കെട്ട് സമയം അനുവദിച്ചിരിക്കുന്നത് രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ്. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ പുലര്‍ച്ചെ വെടിക്കെട്ട് നടത്താനാവില്ല. ക്ഷേത്രത്തിനോട് ചേര്‍ന്ന് വെടിക്കെട്ട് നടത്തരുതെന്ന നിയന്ത്രണവും ദൂരപരിധിയും പ്രതിസന്ധിയാകാനിടയുണ്ട്
പൂരം വെടിക്കെട്ടിനെതിരെ കോടതിയെ സമീപിച്ച തൃശൂര്‍ സ്വദേശി വി.കെ. വെങ്കിടാചലത്തിന്റെ റിട്ട് പെറ്റീഷനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമങ്ങള്‍ പാലിച്ചാണ് പൂരം വെടിക്കെട്ട് നടത്തുന്നതെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ടി.ആര്. രവി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബറില്‍ പുറത്തിറക്കിയ എക്സ്പ്ലോസീവ് ആക്ട് ഭേദഗതി പ്രകാരം മാഗസിനില്‍ നിന്നും ഫയര്‍ ലൈനിലേക്ക് 200 മീറ്റര്‍ ദൂരപരിധി വേണം. ഈ കേന്ദ്ര നിയമമാണ് തൃശൂര്‍ പൂരം വെടിക്കെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി. . കൊടിയേറ്റത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അനുമതി വൈകുന്നത് പൂരപ്രേമികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നിയമോപദേശം തേടിയിരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. ജില്ലയില്‍ മന്ത്രിമാര്‍ പങ്കെടുത്ത് നടന്ന അവലോകനയോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമോപദേശം തേടാനുള്ള തീരുമാനം.