യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റിലേക്ക് ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിയും ടെസ്ല സിഇഒ ഇലോണ്‍ മസ്കും. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്കാണ് ഇരുവരെയും നിയമിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
ട്രംപ് തന്റെ പുതിയ ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) ക്കുറിച്ചും ഈ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട് . ഭരണസംവിധാനത്തിലെ അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനഃക്രമീകരണം എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.
സർക്കാരിലെ തട്ടിപ്പുകളെ വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ മസ്കിനും വിവേകിനും കഴിയുമെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ തെരഞ്ഞെടുത്തു. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. കടുത്ത തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാണ് പീറ്റ്, അതിനാൽ തന്നെ യുഎസ് ഇനി ഒരിക്കലും തലകുനിയ്ക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.