തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുളള വാക്ക്പോര് സഭയില്‍
കയ്യാങ്കളിയിലേയ്ക്ക് എത്തിച്ചു. എംഎല്‍എമാര്‍ക്കെതിരെ ബലപ്രയോഗം നടന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ ഡയസിന് മുകളില്‍ കയറി. ഇതോടെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക നില്‍ക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേത്തിന്റെ തുടക്കം. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
മുഖ്യമന്ത്രിയെ അഴിമതിക്കാരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് വിളിച്ചു. മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണ്. അഴിമതിക്കെതിരായ പിണറായിയുടെ പരാമര്‍ശം ചെകുത്താന് വേദം ഓതും പോലെയാണെന്നും വിഡി സതീശന് പറഞ്ഞു.
എന്നാല്‍ നിങ്ങള്‍ക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാന്‍ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി. എംഎല്‍എ മാത്യൂ കുഴല്നാടനെതിരെയും ഉന്തും തളളും നടന്നു.