വയനാട് മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കാൻ കഴിയാത്ത വസ്ത്രങ്ങളും. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് വിതരണം ചെയ്തതെന്നും അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലായെന്നും ദുരിതബാധിതർ പറയുന്നു. ഉപയോഗിച്ച വസ്ത്രങ്ങളാണ് ഈ കിറ്റിൽ ഉണ്ടായിരുന്നത്. മൃഗങ്ങള്‍ക്ക് പോലും നല്കാന് കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് ഇവ.
അഞ്ച് ഭക്ഷ്യ കിറ്റുകളിലാണ് പുഴുവിനെ കണ്ടത്. രണ്ടാഴ്ചയായി കിറ്റായിട്ടാണ് സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത്. സാധനങ്ങൾ പഞ്ചായത്തിൽ എത്തുന്ന കാര്യം അവിടെ ഉള്ള ആളുകൾ അറിയുന്നില്ല എന്നും നാട്ടുകാർ പറയുന്നു.
ഉപയോഗ ശൂന്യമായ ഭക്ഷ്യസാധനങ്ങളുമായി ദുരിതബാധിതർ മേപ്പാടി പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പുഴുവരിച്ച അരി ഉൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടായിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.
സന്നദ്ധ സംഘടനകളും റവന്യു ഡിപ്പാർട്ട്മെന്റും നൽകുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു, എന്നാൽ ഈ അരികളും മറ്റു സാധനങ്ങളും ആരാണ് തന്നത് എന്നത് വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഈ വിഷയത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത ഉൽപ്പന്നങ്ങളുടെ ഉത്തരവാദിത്തം ഭക്ഷ്യവകുപ്പിന് അല്ലെന്നും ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് സന്നദ്ധ സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഇലക്ഷന് പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ട് പഞ്ചായത്ത് ഭരണസമിതി ഭക്ഷ്യ വിതരണത്തിൽ ഇടപെടുന്നില്ല ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ടാണ് കിറ്റ് നല്‍കിയത്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും അപാകതകളുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പ്രതികരിച്ചു.