കൊവിഡിന് ശേഷം തുടര്‍ച്ചയായി ബോക്സോഫീസില്‍ പരാജയങ്ങള്‍ മാത്രം നേടികൊണ്ടിരിക്കുന്ന ബോളിവുഡ് താരം സല്മാന്ഖാന് പരാജയ കാരണം വിലയിരുത്താന്‍ ആരാധകരെ വീട്ടില്‍ വിളിച്ചു വരുത്തി എന്നാണ് ബിടൗണില്‍ നിന്ന് ഇറങ്ങുന്ന ചൂടുള്ള വാര്‍ത്ത. ഈദ് റിലീസായി ഇറങ്ങിയ സിക്കന്തറും കളക്ഷനില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാത്തതോടെയാണ് പുതിയ നീക്കവുമായി താരം രംഗത്തെത്തിയത്.
കൂടിക്കാഴ്ച്ചയില്‍ സല്മാന് ഖാന്റെ സമീപകാല ചിത്രങ്ങളിലുള്ള തങ്ങളുടെ നിരാശ ആരാധകര്‍ അദ്ദേഹത്തോട് തുറന്ന് പ്രകടിപ്പിച്ചു.
സിക്കന്ദറിനെക്കുറിച്ച് ആരാധകരോട് അദ്ദേഹം ചില കാര്യങ്ങളും തുറന്ന് പറഞ്ഞന്നാണ് വിവരം. തുടക്കം മുതല്ക്കേ ഈ ചിത്രത്തിന്റെ മുന്നോട്ടുപോക്ക് നേരായ ദിശയിലല്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നാണ് സല്മാന് ഖാന് പറഞ്ഞത്. ഒരു വലിയ ചിത്രം ഇങ്ങനെയല്ല നിര്‍മ്മിക്കപ്പെടേണ്ടതെന്നും. ആരാധകരെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങള്‍ താനിനി ഉറപ്പായും ചെയ്യുമെന്ന് സല്മാന് ഖാന് അവര്‍ക്ക് വാക്ക് കൊടുത്തെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
അതേസമയം സിക്കന്ദറിന്റെ ഉള്ളടക്കം മാത്രമല്ല, ചിത്രത്തിന് മികച്ച പ്രൊമോഷന് ലഭിച്ചിരുന്നില്ലെന്നാണ് ആരാധകരുടെ പരാതി.ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട സിക്കന്ദര്‍ എ ആര് മുരുഗദോസ് ആണ് സംവിധാനം ചെയ്തത്. ആറ് ദിവസം എടുത്താണ് ചിത്രം ഇന്ത്യയില്‍ നിന്ന് 100 കോടി കളക്റ്റ് ചെയ്തത്