തൃശൂർ : അതിരപ്പള്ളിയിൽ നടന്ന കാട്ടാനാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മരണകാരണം സ്ഥിതികരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ . പോസ്റ്റ്മോർട്ടത്തിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും , മരണ കാരണങ്ങൾ സ്ഥിതിക്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ പറയുന്നു . കാട്ടാനയുടെ ആക്രമണത്തിൽ വാഴച്ചാൽ സ്വദേശികളായ അംബിക,സതീഷ് എന്നിവരാണ് മരിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ നാലംഗ സംഘത്തിൽ പെട്ടവരായിരുന്നു ഇവർ. കാട്ടാന വന്നപ്പോൾ സംഘം ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം മന്ത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അതിരപ്പിള്ളിയിലേത് ‘അസാധാരണ മരണങ്ങൾ’ എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു.